കട്ടപ്പന: സര്‍വീസ് അരനൂറ്റാണ്ട് പിന്നിടുന്ന സമയത്ത് യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം നല്‍കി ഷാജി മോട്ടോഴ്സ്. ബസില്‍ കയറുന്ന വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും വിവിധങ്ങളായ സൗകര്യങ്ങളാണ് ഷാജി മോട്ടോഴ്സ് നല്‍കുന്നത്. വാഹനത്തില്‍ കയറുന്ന വിദ്യാര്‍ഥികളുടെ സമയം ഇനി പാഴാവില്ല. അവര്‍ക്കായി പൊതുവിജ്ഞാനവും വാര്‍ത്തകളും അടങ്ങിയ ടി.വി., വിവിധ മാസികകള്‍, പത്രം, വൈ ഫൈ, നിരീക്ഷണ ക്യാമറകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി പ്ലഗ് പോയിന്റ്, ഫോണിലെ ബാലന്‍സ് തീര്‍ന്നാല്‍ ടോപ്പപ്പ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍.

യാത്രക്കാര്‍ക്ക് കുടിവെള്ളം വേണോ അതിനായി വാട്ടര്‍ പ്യൂരിഫയറും തണുത്ത വെള്ളം ലഭിക്കുന്നതിനായി കൂളറുമുണ്ട് ബസില്‍. ഇ-ടിക്കറ്റ്, പേ.ടി.എം., ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ബസിന്റെ സ്ഥാനം അറിയാന്‍ ജി.പി.എസ്, ബസില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയ്ക്കായി പോലീസിനെയോ മോട്ടോര്‍ വാഹന അധികൃതരെയോ ബന്ധപ്പെടുന്നതിനുള്ള സൗകര്യം തുടങ്ങിയവയുമുണ്ട് ബസില്‍.

ആധുനിക സൗകര്യങ്ങളുമായി നിരത്തിലിറങ്ങിയ വാഹനത്തെ ബാന്‍ഡ് മേളവുമായാണ് തോപ്രാംകുടിയില്‍ സ്വീകരിച്ചത്. വാഹനത്തിന് വരുത്തിയ മാറ്റങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്ന് ലഭിയ്ക്കുന്നതെന്നും വിവിധ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ അനുമതി വേണ്ടിവന്നുവെന്നും ബസ് ജീവനക്കാര്‍ പറയുന്നു. ചങ്ങനാശ്ശേരി-തോപ്രാംകുടിയാണ് ആധുനിക സൗകര്യങ്ങളോടെ ഇറങ്ങിയ വാഹനം സര്‍വീസ് നടത്തുന്നത്.