കെഎസ്ആർടിസിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സമയമാണ് ശബരിമല സീസൺ അഥവാ മണ്ഡലകാലം. ദൂരദേശങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് ഒരു അനുഗ്രഹവും ആകാറുണ്ട് കെഎസ്ആർടിസിയുടെ ശബരിമല (പമ്പ) സർവ്വീസുകൾ. അന്യസംസ്ഥാനങ്ങളിൽ നിന്നും തീവണ്ടിമാർഗ്ഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഭക്തർ അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്താണ് പമ്പയിലെത്തുന്നത്.
സീസൺ ആകുമ്പോൾ പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ മറ്റു ഡിപ്പോകളിളൊന്നും കാണാത്തവിധം പ്രവർത്തനസജ്ജമാകും. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു സർവീസാണ് നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ. പമ്പയിലും പരിസരത്തും തിരക്കേറുന്ന സമയത്ത് ഭക്‌തർ വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിൽ പാർക്ക് ചെയ്യുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുകയും ഭക്തർ അവിടെ നിന്നുള്ള കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് എത്തുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിലയ്ക്കൽ – പമ്പ സർവ്വീസുകൾക്കായി നോൺ എസി ലോഫ്‌ളോർ ബസ്സുകളാണ് കെഎസ്ആർടിസി ഉപയോഗിച്ചത്. എന്നാൽ ഇത്തവണ അതിലും വലിയൊരു പദ്ധതിയുമായാണ് കെഎസ്ആർടിസി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ ശബരിമല സീസണിൽ നിലയ്ക്കൽ – പമ്പ സർവീസിനായി ‘ഇലക്ട്രിക്’ ബസ്സുകളെയും കെഎസ്ആർടിസി ഇറക്കുന്നുണ്ട് എന്നതാണ് പുതിയ വാർത്ത. ഇതിനായി ഗതാഗതമന്ത്രിയുടെയും അതിനു പിന്നാലെ ഹൈക്കോടതിയുടെയും അനുവാദം കെഎസ്ആർടിസിയ്ക്ക് ലഭിക്കുകയുണ്ടായി. പരിസ്ഥിതി ലോല പ്രദേശമായതിനാലും പ്ലാസ്റ്റിക് ഫ്രീ സോൺ ആയതിനാലും മലിനീകരണം ഒട്ടും ഉണ്ടാക്കാത്ത ഇലക്ട്രിക് ബസ്സുകൾ പമ്പ – നിലയ്ക്കൽ റൂട്ടിൽ സർവ്വീസ് നടത്തുവാൻ യോജ്യമാണെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിൽ കെഎസ്ആർടിസിയെയും സർക്കാരിനെയും ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 33 ഓളം ഇലക്ട്രിക് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതു മാതൃകയാക്കിയാണ് കെഎസ്ആർടിസിയും ഇലക്ട്രിക് ബസ്സുകളെ സ്വാഗതം ചെയ്യുന്നത്. ഇലക്ട്രിക് ബസ് സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി നിലയ്ക്കലിൽ പത്ത് ടിക്കറ്റ് കൗണ്ടറുകൾ കെഎസ്ആർടിസി സജ്ജമാക്കും. ഭക്തർക്ക് ഇവിടുന്നു ടിക്കറ്റ് എടുത്തശേഷം ബസ്സിൽ യാത്ര ചെയ്യാവുന്നതായിരിക്കും. ടിക്കറ്റ് ചാർജ്ജിനുള്ള തുക പണമായോ കാർഡ് രൂപത്തിലോ അടയ്ക്കാനുള്ള സൗകര്യവും ടിക്കറ്റ് കൗണ്ടറുകളിൽ ഉണ്ടായിരിക്കും. ഇതിനുപുറമെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സംവിധാനവും നിലവിൽ വരും. എന്നാൽ ടിക്കറ്റ് ചാർജുകൾ എത്രയെന്നു തീരുമാനമായിട്ടില്ല. ബസ്സിൽ കയറുന്നതിനു മുൻപായി ടിക്കറ്റും ഐഡി കാർഡും യാത്രക്കാരൻ കണ്ടക്ടറെ കാണിച്ചു ബോധ്യപ്പെടുത്തണം. വിമാനങ്ങളിൽ കയറുന്ന പോലെത്തന്നെ. എല്ലാ യാത്രക്കാരെയും പരിശോധിച്ചശേഷം ബസ് യാത്രയാരംഭിക്കും. ടിക്കറ്റ് പരിശോധനയെല്ലാം ആദ്യമേ കഴിയുന്നതിനാൽ ബസ്സിൽ കണ്ടക്ടർ കയറില്ല.
കഴിഞ്ഞ വര്ഷം ഏകദേശം ഇരുന്നൂറോളം ബസ്സുകൾ ഉപയോഗിച്ചായിരുന്നു കെഎസ്ആർടിസി നിലയ്ക്കൽ – പമ്പ സർവ്വീസുകൾ നടത്തിയിരുന്നത്. എന്തായാലും ഇത്തവണ ഈ റൂട്ടിൽ ഇലക്ട്രിക് ബസ്സുകളും വരുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. (ചിത്രം – ബാസിം സിദാൻ).