കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകി.കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. കെ.എസ്.ആർ.ടി.സി-യിലെ എല്ലാ ഭരണപരമായ കാര്യങ്ങളും സർവ്വീസ് ഓപ്പറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ടിക്കറ്റിംഗ്, ജി.പി.എസ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായതും സർവ്വീസ് നടത്തിപ്പ് സംബന്ധവുമായ കാര്യങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ശ്രീ.ബിജു പ്രഭാകർ ഐ.എ.എസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന പ്രൊജക്ടുകൾ ചുവടെ ചേർക്കുന്നു…1. കെ.എസ്.ആർ.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം നടപ്പിൽ വരുത്തും. ജി.പി.എസ് -മായി ബന്ധപ്പെടുത്തി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കുന്നതാണ്. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് ലഭ്യമാക്കുന്നതാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം ലൈവ് ട്രാക്കിംഗ് ആപ്പ് സേവനം ലഭ്യമാക്കും. ഇതിലൂടെ ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ കൃത്യമായ തൽസമയ ലൊക്കേഷൻ എന്നിവ യാത്രക്കാർക്ക് ലഭ്യമാകുന്നതാണ്. വാഹനങ്ങളുടെ സർവ്വീസിനിടെയിലുള്ള സീറ്റ് ലഭ്യത ഏത് സമയത്തും യാത്രക്കാർക്ക് അറിയുവാൻ സാധിക്കും. വാഹനങ്ങളുടെ സ്പീഡ് കൃത്യമായി ലഭിക്കുന്നതിനാൽ ഡ്രൈവർമാരുടെ ഓവർ സ്പീഡിംഗ്, അലക്‌ഷ്യമായ ഡ്രൈവിംഗ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാനും സാധിക്കും. ഓരോ ബസും സർവ്വീസ് നടത്തിയ കൃത്യമായ ദൂരം ലഭ്യമാകുന്നതിനാൽ ഫ്ലീറ്റ് യൂട്ടിലൈസേഷൻ കാര്യക്ഷമാക്കാനുള്ള വിവരങ്ങൾ വേഗത്തിൽ മാനേജ്മെന്റിന് ലഭ്യമാകും.2. കെ.എസ്.ആർ.ടി.സി-യിൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (MIS) നടപ്പിലാക്കുന്നതാണ്. മാനേജ്‌മെന്റിന് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനും അതിലൂടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിനും സാധിക്കും. ജീവനക്കാരുമായും സർവ്വീസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വിവരങ്ങളും കംപ്യൂട്ടർവൽക്കരിക്കുന്നതിലൂടെ ശാസ്ത്രീയമായ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുവാൻ സാധിക്കും.3. വാഹനങ്ങളുടെ നിയന്ത്രണത്തിനും വിശകലനത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്ററും ഹെൽപ്പ് ഡെസ്കും ഉണ്ടാകും.4. ക്യാഷ്ലെസ്സ് സൗകര്യമുള്ള ആധുനിക ടിക്കറ്റിംഗ് സംവിധാനം ജി.പി.എസ്സുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതാണ്. എല്ലാത്തരം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും, നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. മൊബൈൽ ടിക്കറ്റിംഗ് സംവിധാനവും ഈ മെഷീനുകളിൽ ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റിംഗ് സംവിധാനത്തെ ജി.പി.എസ്സുമായി ബന്ധപ്പെടുത്തുന്നതിനാൽ യാത്രക്കാർക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളിലെ തൽസമയ സീറ്റ് വിവരങ്ങൾ ലഭിക്കുകയും ടിക്കറ്റ് റിസർവേഷൻ കാര്യക്ഷമമാകുകയും ചെയ്യും.5. ഈ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി-യിൽ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ സംവിധാനങ്ങളും ആധുനികവൽക്കരിക്കുന്നതാണ്.ഈ പദ്ധതിയുടെ പൂർണ്ണമായ ചുമതല മാനേജിംഗ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും 5 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

പുതിയ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ പറയുന്നിടത്തൊക്കെ നിര്‍ത്തും. കൂടാതെ അഞ്ചുമാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകളും ഒരുക്കും. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസായിരിക്കും ഇനി കെഎസ്ആര്‍ടിസി.

ഓരോ റൂട്ടിലെയും ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും. ഈ മാസം അവസാനത്തോടെ റൂട്ടുകളുടെ പുനക്രമീകരണം പൂര്‍ത്തിയാക്കും.